മനുഷ്യന് ആദ്യമായി കരഞ്ഞത് എന്തിനു വേണ്ടിയായിരിക്കും?
ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന്റെ ആദ്യ കരച്ചില് എന്തിനു വേണ്ടിയായിരിക്കും?
ഉത്തരം ഒന്നേയുള്ളൂ. വിശപ്പാണ് ഈ കരച്ചിലുകളുടെ ഹേതു.
ഭൂമിയിലെ ആദ്യത്തെ മനുഷ്യന് അനുഭവിച്ച ആദ്യ വികാരം വിശപ്പ് ആയിരുന്നിരിക്കണം. വിശപ്പിലൂടെയായിരുന്നിരിക്കണം അവന് മറ്റു വികാരങ്ങളെയും അറിഞ്ഞത്.
അവന് ആദ്യം കരഞ്ഞത് വിശപ്പു കൊണ്ടായിരിക്കണം. കഴിക്കാന് ഒന്നും കിട്ടാഞ്ഞതു കൊണ്ടായിരിക്കണം ആദ്യമായി അവനു ദേഷ്യം വന്നത്. അവന്റെ ആദ്യത്തെ യുദ്ധവും ഭക്ഷണത്തിനുവേണ്ടി ആയിരുന്നിരിക്കണം.
നിറഞ്ഞ വയറായിരിക്കണം അവനെ ആദ്യമായി സന്തോഷിപ്പിച്ചത്.
പ്രപഞ്ചത്തില് സകലചരാചരങ്ങള്ക്കും ഒരുപോലെ അനുഭവപ്പെടുന്ന ഒരു വികാരമാണ് വിശപ്പ്.
മനുഷ്യരില് ജാതിമത പ്രായ സാമൂഹിക ഭേദമന്യേ എല്ലാവരും വിശപ്പിന് വിധേയരാണ്. ഒരാള് പോലും ഒരിക്കലെങ്കിലും ഇതിന്റെ കാഠിന്യം അറിയാത്തവരായി ഉണ്ടാകില്ല. മറ്റു വികാരങ്ങളില്നിന്നു വിശപ്പിനെ വേര്തിരിച്ചു നിര്ത്തുന്ന ഘടകങ്ങള് അനവധിയാണ്. കോപം, സന്തോഷം, ആശങ്ക തുടങ്ങിയ വികാരങ്ങള് നമുക്ക് എന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. ദേഷ്യമോ സങ്കടമോ സന്തോഷമോ തോന്നാതെ ചിലപ്പോള് നമ്മള് ആഴ്ചകളോളം ജീവിച്ചേക്കാം. പക്ഷെ വിശക്കാതെ ഒരു ദിവസം നമ്മള് ജീവിച്ചിട്ടുണ്ടോ? ആലോചിച്ചു നോക്കേണ്ട ഒരു കാര്യമാണ്.
വിശപ്പടക്കാന് വകയുള്ളവനെ സംബന്ധിച്ചിടത്തോളം വിശപ്പ് ഒരു അനുഗ്രഹവും അവസരവും ഒക്കെയാണ്. പുത്തന് ഭക്ഷണവും രുചിഭേദവും രസക്കൂട്ടുമൊക്കെ ആസ്വദിക്കാനുള്ള ഒരവസരമാണ് അവനെ സംബന്ധിച്ചിടത്തോളം വിശപ്പ് എന്ന അവസ്ഥ. വ്യത്യസ്ത ഭക്ഷണ ചേരുവകളുമായി ഓരോ നേരത്തെ വിശപ്പിനേയും അവന് നേരിടുന്നു. വിഭവങ്ങളുടെ ബാഹുല്യം നിമിത്തം 'ഇതെല്ലാം കഴിക്കാനുള്ള വിശപ്പ് എനിക്കില്ലല്ലോ ദൈവമേ' എന്ന് പ്രാര്ഥിച്ചുപോയ സന്ദര്ഭങ്ങള് പോലും പലര്ക്കും ഉണ്ടായിട്ടുണ്ടാവും.
പക്ഷെ ഒരു നേരത്തെ ആഹാരത്തിനുള്ള വക അനിശ്ചിതത്വത്തില് നില്ക്കുന്നവനെ സംബന്ധിച്ചിടത്തോളം വിശപ്പ് ഒരു ശാപം തന്നെയാണ്. മനുഷ്യന്റെ നിസ്സഹായതയെ പതിന്മടങ്ങായി ജ്വലിപ്പിക്കുന്ന ഒന്നാണ് വിശപ്പ്. സമൂഹത്തിലും ജീവിതത്തിലും ഒറ്റപ്പെട്ടു പോകുന്നവന് ആദ്യം ആക്രമിക്കപ്പെടുക അവന്റെ വിശപ്പുമൂലമാണ്.
അവനെ നിരായുധനാക്കി തളര്ത്തി ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന വിശപ്പ്.
Comments