നായിന്റെ മക്കള്‍


വീട്ടിലേക്ക്‌ പോകും വഴിയിൽ ഞാനെന്നും നോക്കിനിൽക്കുന്ന മറ്റൊരു വീടുണ്ട്‌...മരത്തടിയാൽ തീർത്തത്‌......മേരിയെന്ന കിളവി അവിടാണു താമസം...ഒറ്റക്ക്‌.....മേരിച്ചേട്ടത്തി ഒരുപാട്‌ ചിരിക്കും എന്ന് ഉമ്മ പറഞ്ഞ്‌ ഞാൻ കേട്ടിട്ടുണ്ട്‌....ചുറ്റുവട്ടത്തുള്ള കണ്ണെത്താ ദൂരത്തെ പറംബൊക്കെ വരൗടെ ആണത്രേ.....
രാവിലെ വീട്ടിലേക്ക്‌ പാലുവാങ്ങാൻ പോകുന്ന ജോലി എന്റേതാണു...പിറകേ ഉള്ളമക്കൾക്ക്‌ വലിയ പ്രായമാകാത്തതിനാൽ അലോസരത്തോട്‌ കൂടിയും,ബാക്കി വരുന്ന ചില്ലറത്തുട്ടുകൾ ഉപ്പ ചോദിക്കാത്തതിനാൽ സന്തോഷത്തോടുകൂടിയും ഞാനാ ജോലി ചെയ്തു....വീട്ടിൽ നിന്നും പത്ത്‌ മിനിറ്റ്‌ യാത്രയുണ്ട്‌ പാൽക്കടയിലേക്ക്‌....പുലർച്ചെയുള്ള നടപ്പായിരുന്നില്ല എന്നെ ഭയപ്പെടുത്തിയിരുന്നത്‌..മേരിച്ചേട്ടത്തിയുടെ വീട്ടിൽ താമസമാക്കിയിരുന്ന തെരുവുനായ്ക്കളായിരുന്നു....മുൻ ജന്മത്തിലെങ്ങോ ഇവറ്റകളുടെ പെങ്ങളെ അടിച്ചോണ്ട്‌ പോയ കാമുകൻ ഞാനാണെന്ന പോലാണു അവറ്റകളുടെ പെരുമാറ്റം..എന്നെ വഴിയിൽ കണ്ടാൽ കുരച്ചുകൊണ്ടോടി വരും.കല്ലെടുത്തെറിയാൻ അന്നത്തെ ആറാം ക്ലാസുകാരന്റെ പരവേശം അനുവദിക്കാതിരുന്നതിനാൽ ആ വഴിയുള്ള നടപ്പുകാരെ കാത്തിരിക്കലായിരുന്നു ഏക ആശ്രയം....
ഒരിക്കൽ എത്രകാത്തിരുന്നിട്ടും നടപ്പുകാരെ ആരെയും കൂട്ട്‌ കിട്ടിയില്ല....കയ്യിൽ പാലുണ്ട്‌....ഒടുവിൽ നടക്കാൻ തന്നെ തീരുമാനിച്ചു എന്നിലെ ദൈര്യശാലി..തീരുമാനം മാത്രമായിരുന്നു നടക്കാൻ..ശരീരം ഓടുകായിരുന്നു...

ഇല്ല...ഓൻ പുറകേ ഇല്ല....ഇനിയുമൊരൻപത്‌ മീറ്റർ കൂടി.....
ബൗ,ബൗ...ബൗബൗ......
പിന്നിലതാ ഒരു നായിന്റെ മോൻ...
പിന്നെല്ലാം പെട്ടന്നായിരുന്നു....ഞാനൊടുന്നു,അവൻ പിറകേ....അവൻ പിറകേ,ഞാനോടുന്നു.....
ഔ..ഔൂൂ.....ശബ്ദവും ഞാൻ കുഴിയിലേക്ക്‌ വീണതും ഒന്നിച്ചായിരുന്നു....വാങ്ങിവന്ന പാൽ നിലത്തൊഴികി കിടക്കുന്നു.....കല്ലിലേക്കിട്ടതിൽ പരിഭവിച്ച്‌ പാൽക്കവർ മുഖം ചുളിച്ചു.....ആ നായിന്റെ മോനിട്ട്‌ ആരോ കല്ല് കൊണ്ട്‌ നല്ലോണം ഒന്ന് താങ്ങിയിരിക്കുന്നു....ഒരു ഇളിയും ഇളിച്ച്‌ ഞാൻ എഴുനേറ്റു.....കൈ പിടിക്കണോ എന്ന് ചോദിച്ച്‌ ഹംസക്കാ......മുഖത്ത്‌ നോക്കാതെ ചിരിച്ച്‌ ഞാൻ നടന്നു..മൂപ്പരു കട തുറക്കാൻ പോണ പോക്കാ.....പാലില്ലാതെ വീട്ടിൽ പോയ എന്നെ കാത്തുനിന്നത്‌ ഉമ്മയുടെ കണ്ണുരുട്ടൽ മാത്രമായിരുന്നില്ല...പിന്നീടുള്ള ചായസമയങ്ങളിലെ ചിരി കൂടിയായിരുന്നു....പിന്നീട്‌ കുറച്ചുനാൾ ചായസമയത്തെ അഥിഥികൾക്ക്‌ എന്റെ പാലുവാങ്ങൾ കഥകേട്ട ബോറഡിച്ചിട്ടുണ്ടാവു.....ഒഹ്‌ മറന്നു മേരിചേട്ടത്തിയെ......
അങ്ങനെ ഒരു ദിവസം എന്റെ ആഗ്രഹം സഭലീകരിച്ചു....ആ വീട്‌ കാണുക,ഞാൻ കണ്ടു കണ്ണുനിറയേ....ഒരുപാട്‌ ഇടനാഴികൾ,മിക്കയിടത്തും ഇരുറ്റ്‌....പഴമയേ ഓർമ്മപ്പെടുത്തുന്ന വാതിലുകൾ,ജനാലകൾ,നാലുകെട്ട്‌......ഇവയ്പ്ക്കെ കണ്ടപ്പോഴും മേരിച്ചേച്ചിയുടെ ചിരി എനിക്ക്‌ കാണാൻ പറ്റിയില്ല..അന്ന് മേരിച്ചേട്ടത്തി ഉറങ്ങുകാരുന്നു...തണുപ്പിച്ച പെട്ടിയിൽ,ചുറ്റും പൂക്കളൊക്കെ വച്ച്‌....രണ്ട്‌ മൂന്ന് ദിവസം ചേട്ടത്തി ഉറങ്ങി....നൊന്ത്‌ പെറ്റ മക്കൾക്ക്‌ കാണാൻ....അവർക്കങ്ങിനൊന്നും വരാൻ പറ്റില്ലത്രേ...അമേരിക്കയിലാ....ഇവിടെ ഞാൻ പടിക്കാൻ പോകുംബോ അവിടെല്ലാരും ഉറക്കമായിരിക്കുമത്രേ......അവിടന്നിവിടം വരെ വരണ്ടേ.....തിരുവന്തപുറത്തുള്ള ടോമി മാത്രേ ഉള്ളൂ ഇവിടെ....രണ്ടീസം കഴിഞ്ഞപ്പോ എല്ലാരും വന്നു.....വണ്ടിയിൽ കയറ്റി ചേട്ടത്തിയെ കൊണ്ടോയി....ഓരെ എങ്ങോട്ട കൊണ്ടുപോണേന്ന് അറിയണമെന്നുണ്ടായിരുന്നു എനിക്ക്‌....അവരുടെ പള്ളിയിലേക്കാ കൊണ്ടുപോകുന്നത്‌,നമ്മൾ മുസ്ലീങ്ങൾ അങ്ങോട്ട്‌ പോകാൻ പാടില്ലന്ന് പറഞ്ഞ്‌ കൂട്ടുകാർ തടസം പിടിച്ചു....ചേട്ടത്തി പോയിട്ടും ബാക്കിയുള്ളോർ അമേരിക്കക്ക്‌ പോയില്ല.....രണ്ട്‌ ദിവസം ചേട്ടത്തിയുടെ പറംബിൽ മുള്ളുവേലികളുയർന്നു...നെടുകയും കുറുകയുമൊക്കെ....പിന്നീട്‌ മുറ്റത്തെ കാറുകൾ കുറഞ്ഞു...പലരും മടങ്ങി....അവസാനം വീട്‌ മാത്രമായി.....പിന്നീടാ വഴിയിലൂടെ എന്റെ നടപ്പ്‌ നെഞ്ചും വിരിച്ചായി....ചിലപ്പോൾ ഞാനാ വഴിയിൽ വച്ച്‌ ഒന്നാട്ടി തുപ്പും....ആ തുപ്പൽ വീഴുന്നത്‌ ചേട്ടത്തിപോയതോടെ അനാഥമായ നായിന്റെ മക്കളുടേയും,ചിലതു സ്വൊന്തമാക്കിയ നായിന്റെ മക്കളുടേയും മുഖത്താണു.....

-----------------------അജു-----------------------------

Comments