പത്ത് കളർ നാരങ്ങ മിഠായി

ജാസിക്കാ……
സൗദി അറേബിയയിൽ നാരങ്ങ മിട്ടായി കിട്ടോ ? എന്നും ഇണ്ടാവും ഇതുപോലെ എന്തെങ്കിലും ഒരു പൊട്ടത്തരം വിളിച്ചു ചോയ്കണത്.. പക്ഷെ ഇന്നത്തെ ഓൾടെ ആ ചോദ്യം കേട്ട് എനിക്ക് ചിരിയാണ് വന്നത്. 
പിന്നില്ലാണ്ട് ... മ്മടെ പെട്ടിക്കട നടത്തണ ഉമ്മറാക്കന്റെ രണ്ടു ഗോടവ്ൺ ഇണ്ട് ഇവിടെ . എന്തേ അനക്ക് മാണ?
ന്നെ കളിയാക്കിയതാണെന്ന് കരുതിന് ഞാനും ഒന്നങ്ങോട്ടു വെച്ച് കൊടുത്തു.
ഹാ! കാര്യം പറ ഇക്ക. ഇൻക്ക് മാണം പത്തു കളറിലുള്ള നാരങ്ങ മിട്ടായി.. കിണുങ്ങി കൊണ്ടോളത് പറഞ്ഞപോ ഞാൻ ശേരിക്കും അന്തംവിട്ടു .. അനക്കെന്താ പറ്റിയെ പെണ്ണെ ? ഇക്ക പറാ...ഇൻക്ക് കൊണ്ടുതരോ ? വെറും ഒരു നാരങ്ങാ മിട്ടായിക്ക് വേണ്ടി കൊച്ചു കുട്ടിയെ പോലെ കിണുങ്ങുന്ന ഒളോടെനിക്ക് ആ നേരത്ത് വല്ലാത്തൊരു പ്രണയം തോന്നി ....
റമളാൻ ആയിപോയി ഇല്ലെങ്കിലൊരു  മുത്തം ചോയ്കാർന്നുന്നു തോന്നി... അപ്പൊ നാല് ചീത്ത കേട്ടാലും അതൊരു സുഖാർന്നു..
ഇക്കാ... എന്റെ അനക്കമൊന്നും കേൾകാണ്ടായപോ നീട്ടിയുള്ളൊരു വിളി...
എന്താടി പെണ്ണെ ? ഇങ്ങളെനിക്ക് കൊണ്ടന്നു തരോ?ഓള് പിന്നെയും കിണുങ്ങുകയാണ്..
ഒരു ചിരിയോടെ ഞാൻ പറഞ്ഞു. നാലാൾടെ മുന്നിൽ വെച്ച് ഞാൻ എന്റെ ബീവിയാകിയില്ലെങ്കിലും.. മനസ്സ് കൊണ്ട് മഹർ തന്നു ഞാൻ നിക്കാഹ് കഴിച്ച എന്റെ ഖൽബിലെക്കു കൈ പിടിച്ചു കയറ്റിയ എന്റെ പെണ്ണല്ലേ നീ . ആ നീ ആദ്യായിട്ട് ആവശ്യപെട്ട കാര്യല്ലേ., ഈ സൌദി മൊത്തം അരിച്ചു പെറുക്കിയിട്ടാണെങ്കിലും ന്റെ ഖൽബിനു ഞാൻ അന്റെ ആ പത്തു കളർ നാരങ്ങാ മിട്ടായി കൊണ്ട് തന്നിരിക്കും... അതുകേട്ടതും  റമളാൻ ആണെന്ന് പോലും നോക്കണ്ടോളെനിക്ക്  ഒരു മുത്തം തന്നു.. ഈ പെണ്ണിന്റെയൊരു കാര്യം... കാര്യമില്ലാത്ത കാര്യത്തിനു തല്ലുകൂടെം, ഞാൻ ന്തെങ്കിലും മുഖം കറുപ്പിച്ചു പറഞ്ഞാൽ പൊട്ടിക്കരയേം ചെയ്യണ ഈ കാന്തരിപ്പെണ്ണിനെ എനിക്ക് ജീവനാർന്നു.. അന്നും എന്നത്തേയും പോലെ നാട്ടിലുള്ള സകല കാര്യങ്ങളും പറയാനുണ്ടാർന്നു.. എന്തിനു! ഓൾടെ വീട്ടിലെ പൂച്ച പ്രസവിച്ചത് വരെ എന്നോട് വല്യ കാര്യത്തിൽ പറയാർന്നു. അപ്പൊ പിന്നെ സൗദി അറേബ്യയിലെ നാരങ്ങ മിട്ടയിക്ക് വേണ്ടി വാശി പിടിചില്ലെങ്കിലല്ലേ അത്ഭുതള്ളു...
ഇക്കാ ഉമ്മ വരിണ്ട് ഞാൻ പോണ്.. പിന്നേയ് ഇന്റെ നാരങ്ങ മിട്ടായി മറക്കണ്ട.. കുലുങ്ങി ചിരിച്ചോണ്ട്  അപ്പുറത്തു ഫോൺ കട്ടായി. ഫോൺ ബെഡ്ഢിലേക്കിട്ട് ഞാൻ അവിടെ മലർന്നു കിടന്നു കൊണ്ട് കുറെ നേരം ആലോയ്ച്ചു.. ഈ നാരങ്ങ മിട്ടയിക്കെന്താ ഇത്രേം ആവശ്യം ഓൾക്ക്.?
നിനക്കെന്താടി പെണ്ണെ ഞാൻ വരുമ്പോ കൊണ്ടുവരണ്ടേ എന്ന് ഇടയ്ക്കിടെ ഞാൻക ചോയ്ച്ചാൽ എല്ലാ പെണ്ണുങ്ങളും പറയണ പോലെ.. എനിക്കൊന്നും മാണ്ട ഇക്ക. ഇങ്ങളെയൊന്നു കണ്ടാ മതി.എന്നെ എന്നും പറയാറുള്ളത്.. സത്യം പറഞ്ഞാൽ ഈ പ്രവാസ ജീവിതത്തിനിടയിലെ ഒറ്റപ്പെടലിനിടയിലാ ഓളെന്റെ മുരടിച്ച ജീവിതത്തിലേക്ക് കയറിവന്നത്... ആദ്യമൊക്കെ വെറും ഒരു നേരം പോക്കയിരുന്നെങ്കി പിന്നെ പിന്നെ ഓളിൽ ഞാൻ എന്നെ തന്നെ കണ്ടെത്തി. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ലഹരിയായിരുന്നു ഓളെനിക്ക് തന്നിരുന്ന പ്രണയം. എത്ര വഴക്കിട്ടാലും ..കരയിപ്പിച്ചാലും.... കളിയാകിയാലും പിന്നേയും  ജസിപ്പാ എന്ന് വിളിച്ചോണ്ട് കൊഞ്ചിവരുന്ന വെള്ളാരം കല്ലുള്ള മൂക്കുത്തി കുത്തിയ ആ കാന്താരി പെണ്ണെന്റെ ജീവനായിരുന്നു...
      ഫോണെടുത്തു ഞാൻ എന്റെ ചങ്കുകൾകൊക്കെ വിളിക്കാൻ തൊടങ്ങി.. ഈ നാരങ്ങാ മിട്ടായി കിട്ടാൻ ഇവിടെ വല്ല വകുപ്പുണ്ടോന്നറിയാൻ. അവരെന്നെ തെറി വിളിചില്ലന്നുള്ളൂ.. പക്ഷെ, ഞാൻ വിട്ടുകൊടുത്തില്ല... ഈ രണ്ടു കൊല്ലാതെ സൌദി ജീവിതത്തിനുള്ളിൽ എനിക്കറിയാവുന്ന എല്ലാ ഫ്രണ്ട്സിനേം തപ്പിയെടുത് വിളിക്കാൻ തുടങ്ങി.
അതിനിടയിലാണ് വീട്ടിൽന്നുള്ള വിളി. നിർത്താതെയുള്ള മിസ്സ്‌ കാൾ കണ്ടപോ ബേജാറായി..
ധൃതി പിടിച്ചു തിരിച്ചു വിളിച്ചപോ പെങ്ങളാണ് അപുറത്തു ഫോണെടുത്തതു.. കുഞ്ഞായീ...ഇയ്യിനി ഒരു മസാവാൻ കാത്തുനിക്കണ്ട.. ഒരാഴ്ച്ചക്കുള്ളിൽ എങ്ങനേം ഇയ്യ് നാട്ടിക്കെത്തണം... ഓൾടെ പറച്ചിൽ കേട്ടപോ ഉള്ളൊന്നു കാളി. റബ്ബേ ഇനി ഉമ്മാക്ക് വല്ലതും...നൂറു ചോദ്യങ്ങൾ ഉള്ളിൽ കിടന്നു വിങ്ങി.. ഇയ്യ് കൂടുതലൊന്നും ചോയ്കണ്ട. ഞങ്ങള് അന്നേം കാത്തിരിക്കാണ്..ഇന്നെകൊണ്ട് ഒന്നും അങ്ങോട്ട്‌ ചോദിപ്പിക്കാൻ നിൽകാതെ ഓള് ഫോൺ കട്ടാക്കി. വീട്ടിലുള്ള ആർകും പിന്നെ മാറി മാറി വിളിചിട്ടും ആരും എടുക്കുന്നുമില്ല... ന്റെ സമനില മൊത്തം തെറ്റണ പോലെ ആയി...

      രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ഖഫീലിന്റെ അടുത്തുന്നു എമർജൻസി ലീവ് വാങ്ങി എയർപോർടിൽ എത്തണ വരെ ഉള്ളിൽ തീ ആയിരുന്നു.. എയർപോർടിൽ എന്നെയും കാത്തു ഉമ്മ ഒഴികെ എല്ലാരും ഉണ്ടാർന്നു. രണ്ടുകൊല്ലത്തെ പ്രവാസ ജീവിതത്തിനു ശേഷം ആദ്യമായിട്ട നാടിലെത്തുന്നത്. ആ വരവ് ഇങ്ങനേം ആയി.. ഞാൻ പെങ്ങളേം, അനിയന്മാരുടെം മുഖത്തേക്ക് നോകി. ഒരു ചെറു പുഞ്ചിരിയല്ലാതെ ഓർടെ മുഖത്ത് വേറെ ഭാവമാറ്റമൊന്നും ഞാൻ കണ്ടില്ല. വീടെത്തുന്നത് വരെ  ആരും കമാ എന്നൊരക്ഷരം മിണ്ടിയില്ല..എല്ലാർടേം മുഖത്ത് ഒരു ചെറു ചിരിയുണ്ട്. അത് കണ്ടിട്ടാണ് എനിക്ക് ഒരു അന്തോം കുന്തോം മനസ്സിലാകാത്തത് ...
വീടിലേക്ക്‌ കയറിച്ചെന്നയുടൻ ഉമ്മി ഓടിവന്നു ന്നെ മുത്തം കൊണ്ട് പൊതിഞ്ഞു.. കുഞ്ഞായീ...ന്റെ മോനെ ...ഉമ്മാന്റെ കണ്ണ് നിറഞ്ഞു... എല്ലാ ബഹളവും കഴിഞ്ഞു എന്റെ എല്ലാ ചോദ്യങ്ങൾകുമുള്ള ഉത്തരം വന്നു.. കുഞ്ഞായീ! അന്നെ ഞങ്ങള് പെണ്ണ് കെട്ടിക്കാൻ പോകാ..ഞങ്ങളെല്ലാരും പൊയ്  കണ്ടു. എല്ലാർക്കും ഇഷ്ട്ടായി. ഓൾടെ വാപ്പ ഈ മാസം ലാസ്റ്റ് പോകും.. അതിനു മുന്നേ നടത്തണം..അന്നോടത് അവിടുന്ന് പറഞ്ഞാ ഇയ്യ് കൂട്ടാകില്ലാന്നറിയ . അതാ ഇങ്ങനെ ഒരു വരവ് വരുതിപ്പിച്ചേ... അവരത്രയും പറഞ്ഞു തീർത്തപ്പോൾ എന്റെ കണ്ണിൽ ഇരുട്ട് കയറണതുപോലെ തോന്നി... ദേഷ്യവും, സങ്കടവും,വേദനയും എല്ലാം കൂടെ നുരഞ്ഞു പൊന്തി ഒരു
പൊട്ടിത്തെറിയായി മാറി... ഇങ്ങക്കൊന്നും ബോധംന്നു പറയണ സാധനം ഇല്ലേ., ഇങ്ങക്കെല്ലാർക്കും കളിക്കാനുള്ള പാവയാണോ ഞാൻ... എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ എന്റെ ഉമ്മന്റെം പെങ്ങൾടെയൊക്കെ മുന്നിൽ ഒരു ദയയും ഇല്ലാതെ പൊട്ടിതെറിച്ചു...
പിന്നെ ഒരക്ഷരം മിണ്ടാതെ മുറിയിൽ ചെന്ന് വലിയ ശബ്ദത്തിൽ വാതിലടച്ചു...
ആ നേരം ആണ് സ്നേഹിക്കാൻ മാത്രം അറിയുന്ന ഓളെന്റെ മനസ്സിലേക്ക് ഓടിവന്നത്. ഈ ഒരാഴ്ചക്കുള്ളിൽ ഞാൻ ഓളെ മറന്നോ ? അവളെന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷം അവൾടെ കളിയും, ചിരിയും,കൊഞ്ചലും ഇല്ലാതെ ഒരു ദിവസം പോലും ഇണ്ടാവാതിരുന്നിട്ടില്ല...ആ എനിക്ക് എങ്ങനാ ഓളെ പറ്റി ഒരു വിവരവും അറിയാതിരിക്കാൻ പറ്റിയെ? ന്റെ കോൾ ഒന്ന് കണ്ടില്ലെങ്കി ഉരുകിതീരുന്ന ഓൾടെ അവസ്ഥ ന്താകും റബ്ബേ!  കുടുംബം വന്നപോ മോഹിപ്പിച്ച പെണ്ണിനെ മറന്നു ഞാനും സ്വാർത്ഥനായോ അല്ലാഹ്...നെഞ്ച് പൊട്ടി പോകണ പോലെ തോന്നി... എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായാനായി ഞാൻ ബെഡ്ഢിലെക്കിരുന്നു...
  പതിയെ ന്റെ തോളിൽ ഒരു കൈ വന്നപോ ഞാൻ തിരിഞ്ഞു നോക്കി... ഉമ്മി ആയിരുന്നു. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്... എന്റെ അരികിലേക്ക്. ചേർന്നിരുന്നുകൊണ്ട് ഉമ്മി പറഞ്ഞു.. ജാസീ.. നല്ല മോളാടാ!
ഞാൻ പോയിക കണ്ടതാ.. ന്നെ ഉമ്മാാന്നു വിളിച്ചു ഓളെന്റെ അടുത്ത് നിന്നപോ ന്റെ മരോളായി കണ്ടോയി ഞാൻ.. ഓർക്കു വാക്ക് കൊടുത്തിട്ട ഞങ്ങള് അനക്ക് വിളിച്ചെ... ഉമ്മ പറഞ്ഞ ഇയ്യ് കേക്കുന്നു വിചാരിച്ചു., പിന്നെ ന്റെ നെഞ്ചിലേക്കു വീണു ഒരു പൊട്ടിക്കരചിലായിരുന്നു.. യാ.. അല്ലാാഹ്...!  ഞാൻ എന്താ ചെയ്യാ...ന്റെ ഹൃദയം തേങ്ങി.. ഉമ്മാ! ഇങ്ങളെ മരോളായി വരണത് സ്വപ്നം കണ്ടു നടക്കണ ഞാൻ മോഹിപ്പിച്ചു സ്നേഹിച്ച ഒരു പെണ്ണുണ്ട്.. ന്റെ അനിയന്മാരേറ്റ് തല്ലൂടാൻ കൊതിക്കണ ഒരു താത്തകുട്ടിയുണ്ട്, ഇന്റെ പെങ്ങളെ ഓൾടെ ഇത്താത്താനേ പോലെ സ്നേഹിക്കണന്നു പറഞ്ഞു നടക്കണ ഒരു അനിയത്തികുട്ടിയുണ്ട്.. പിന്നെ ഇങ്ങൾടെ എല്ലാർടേം  മുന്നിൽ വെച്ച് ന്റെ കയ്യിൽന്നു മഹർ വാങ്ങുന്ന നാൾ സ്വപ്നം കണ്ടു നടക്കണ ന്റെ മാത്രം ഒരു കാന്തരിപെണ്ണുണ്ട്... ഓൾടെ കണ്ണീരു കണ്ടിട്ടെങ്ങനാ ഉമ്മാ ഞാൻ വേറൊരു പെണ്ണിന് മഹർ കൊടുകണത്.. അലമുറയിട്ടു എന്റെ ഹൃദയം പറഞ്ഞു കരഞ്ഞത് ഉമ്മ കേട്ടില്ല...ആരും കേട്ടില്ല ..
അവസാനം പത്തു മാസം നൊന്തു പ്രസവിച്ച ആ ഉമ്മാന്റെ കണ്ണീരിനു മുന്നിൽ ഞാൻ തോറ്റു കൊടുത്തു ...
         നിക്കഹിന്റെ അന്ന് വീടുകാരെനിക്ക് കൂട്ടിനു കണ്ടുപിടിച്ചു തന്ന പെണ്ണിന്റെ വാപ്പാക്ക് കൈ കൊടുകുമ്പോ ന്റെ കൈ വിറച്ചു.. ഹൃദയം തേങ്ങി.. കണ്ണ് നിറയാതിരിക്കാൻ ഞാൻ പാടുപെട്ടു..
  കല്യാണത്തിന്റെ ഒരാഴ്ച കഴിഞ്ഞപോഴേക്കും ഉമ്മാക്ക് കാലുവേധന ഓടിയെത്തി.. അത്രേം നാൾ ഓപ്പറേഷന് കൂട്ടാക്കാതിരുന്ന  ഉമ്മ മരോള് വന്നപോ അയിനു സമ്മതം മൂളി.. ഉമ്മാന്റെ ഓപ്പറേഷൻ കഴിഞ്ഞ തലേനാൾ കുറച്ചു മരുന്ന് മേടിക്കാൻ പോയതാ ഞാൻ. തിരക്ക് കാരണം കുറച്ചപ്പുറത്തുള്ള കടയുടെ ചാരത്തേക്ക്‌ മാറിനിന്ന ന്റെ മുന്നിലൂടെ നിറഞ്ഞ കണ്ണുകളോടെ ഒരു സ്ത്രീ നടന്നു പൊയ്.. കണ്ണുനിറഞ്ഞോണ്ടാവണം അവരുടെ കയ്യിലിരുന്ന മരുന്നിന്റെ കുറിപ്പാണെന്ന് തോന്നണു. താഴെ വീണത്‌ അവരറിഞ്ഞില്ല. ഞാൻ അതെടുത്തു അവരുടെ അടുത്തേക്ക് ചെന്ന് അവരുടെ കയ്യിൽ കൊടുത്തു. തിരികെ നടക്കുന്നതിനിടെ അവരെന്നെ വിളിച്ചു..
മോനെ ! ഞാൻ  വീണ്ടും.അവരുടെ അടുത്തേക്ക് ചെന്ന്...അവരെന്റെ കയ്യിൽ മുറുക്കി പിടിച്ചു വിറയ്ക്കുന്ന ചുണ്ടുകളോടെ ന്നോട്. ചോയ്ച്ചു. മോനെ ഈ പത്തു നിറത്തിലുള്ളനാരങ്ങാ മിട്ടായി ഇവടെ കിട്ടുന്നതെവിടന്നു മോൻകറിയോ... ഒരു ഞെട്ടലോടെ ഞാൻ പിന്നിലേക്ക്‌ നീങ്ങി... നെഞ്ചിലൊരു വെള്ളിടി വെട്ടിയ പോലെ... കുറച്ചു നേരം ഞാനാ നിൽപ്പ് നിന്നു. എന്നിൽ നിന്ന് ഉത്തരമൊന്നും കിട്ടാത്ത കാരണമാകും അവർ നടന്നകന്നു... അവർകെന്തിനാകും അത്... എന്റെ ഉള്ള് ആളികത്തി...ന്തോക്കെയോ മരുന്ന് മേടിച്ചതിനു ശേഷം അവർ ആശുപത്രിയിലേക്ക് നടന്നു... അവരറിയാതെ അവരുടെ പിന്നാലെ ഞാനും...
ആറാം നിലയിലെ psy വാർഡിലെക്ക് അവര് നടന്നകലും തോറും എന്റെ ഹൃദയ മിടിപ്പിന്റെ വേഗത കൂടിവന്നു... ഗ്രില്ലിട്ടു പൂട്ടിയുറപ്പിച്ച  ആ വാതിലിന്റെ വിടവിലൂടെ ഞാൻ കണ്ടു... പടച്ചോൻ പോലും പൊറുക്കാത്ത ജീവിതത്തിൽ ഞാൻ ചെയ്ത തിരുത്താൻ പറ്റാത്ത ആ തെറ്റ്... വെള്ളക്കല്ലുള്ള മൂകുത്തിയിട്ട എന്റെ ആ കാ‍ന്താരി പെണ്ണിനെ...  വർണ്ണ ചോക്കുകൾ കൊണ്ട് അവളവിടമാകെ എഴുതി വെച്ചിരിക്കുന്ന ആ വാക്ക് കണ്ടപ്പോ ആ നിമിഷം ഭൂമി പിളർന്നു താഴേക്കു പോയാ മതിയെന്ന് തോന്നി . "ജാസിപ്പാന്റെ  നാരങ്ങ മിട്ടായി " ...
ഓളിപ്പഴും കാത്തിരിപ്പാണ് ഓൾടെ ജാസിപ്പ വാക്ക് കൊടുത്ത ആ പത്തു കളർ നാരങ്ങ മിട്ടായിക്ക് വേണ്ടി .!

          🌹🌹🌹🌹

Comments