പ്രിയ ഭാര്യ ഷാനി


കല്യാണം കഴിഞ്ഞ് ദിനമേഴു കഴിഞ്ഞിട്ടും
അവളുടെ നാണം ഒരിശ്ശി കുറഞ്ഞിട്ടില്ല..
എന്നെ കാണുമ്പൊഴേ തട്ടമൊക്കെ മാറത്തുടെ ചുറ്റി സ്വന്തം കാല്‍ വിരലിലോട്ടും നോക്കിയൊരു നില്‍പ്പാ...
അവളെന്നെ ആദ്യമായ് നേരിട്ട് കണ്ടത് തന്നെ ഞങ്ങളുടെ കല്യാണപ്പന്തലില്‍ വെച്ചാണ്..
കാണാന്‍ പോയതും ഉറപ്പിച്ചതുമെല്ലാം വീട്ടുകാരാണ്.. കല്യാണത്തിന് മുന്‍പ് ഫോട്ടോയിലൂടെ ഉള്ള പരിചയം മാത്രേ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നുള്ളു..
നിശ്ചയത്തിന് ശേഷം ഇടക്ക് ഒന്ന് രണ്ട് തവണ വിളിച്ചിരുന്നു..
.
ഒരു പാവം പെണ്ണ്... ഇങ്ങോട്ടധികം മിണ്ടാത്തോണ്ട് എനിക്കവളോടും എന്തോ കൂടുതലൊന്നും സംസാരിക്കാനും കഴിഞ്ഞില്ല..
സ്വന്തം ഭാര്യയായിരുന്നിട്ട് പോലും മനസ്സ് കൊണ്ട് അവളെനിക്കിപ്പോള്‍ വെറുമൊരു ബന്ദു മാത്രായിരുന്നു.. അവള്‍ക്ക് ഞാനും...
.
വീട്ടിലുള്ളപ്പോള്‍ തന്നെ തമ്മില്‍ കണ്ടാല്‍ ചിരിക്കും..
അതെന്നെ വളരേയധികം സന്തോഷപ്പെടുത്തിയിരുന്നു..
അവളുടെ മുഖത്തെപ്പൊഴും നാണം ചാലിച്ച പുഞ്ചിരി നിഴലിച്ചിരുന്നു...
.
എന്നെ അവള്‍ ഇത് വരെ പേരെടുത്ത് വിളിച്ചിട്ടില്ല...
എനിക്ക് കേള്‍ക്കാന്‍ എറ്റോം ഇഷ്ടപ്പെട്ട "ഇക്കാ.." എന്ന വിളി ഞാന്‍ പ്രതീക്ഷിച്ചിരുന്നു.. പിന്നെ ഞാന്‍ സമാധാനിക്കും..
ഞാനുമായി പൊരുത്തപ്പെടാനുള്ള സമയം അവള്‍ക്കായിട്ടുണ്ടാവില്ല എന്ന് സ്വയം ചിന്തിച്ച്...
.
എന്നാലും എന്തേലും അത്യാവശ്യ കാര്യത്തിന്
"അതേയ്....." എന്ന് പറഞ്ഞാണ് എന്‍റെ ശ്രദ്ധയവള്‍ പിടിച്ചുപറ്റുക...
.
പകല്‍ മുഴുവന്‍ ഉമ്മാന്‍റടുത്തായിരിക്കും അവള്‍...
ഉമ്മാനോട് നല്ല കമ്പനിയാ..
ഉമ്മാന്‍റെ കൂടെയുണ്ടാവുമ്പൊഴായിരുന്നു ഞാനവളുടെ ശബ്ദം പോലും നേരിട്ടറിഞ്ഞത്..
ഇവള്‍ ഇങ്ങനെയൊക്കെ സംസാരിക്കുമൊ എന്ന ആശ്ചര്യത്തോടെ ഉമ്മാന്‍യടുത്തേക്ക് അടുക്കളയിലോട്ട് ചെല്ലുമ്പൊഴേക്കും അവളുടെ ശബ്ദം താഴ്ന്നിട്ടുണ്ടാവും..
.
എന്നെ കണ്ടതും ഇരിപ്പിടത്തീന്ന് എണിറ്റ് തട്ടമൊക്കെ ചുറ്റിപ്പുതച്ച് രണ്ടടി പിറകോട്ട് മാറിയിട്ട് താഴോട്ടും നോക്കി ഒരു നില്‍പ്പാ..
.
അതു കാണുമ്പൊഴേ എനിക്ക് ചിരിപൊട്ടും..
സത്യത്തില്‍ ഞാനിവളുടെ ഭര്‍ത്താവോ അതോ പെണ്ണു കാണാന്‍ വന്ന ചെറുക്കനോ..
.
പാവം...
.
ഉമ്മാനോടുള്ള കമ്പനിക്ക് മങ്ങലേല്‍പ്പിക്കേണ്ടാ എന്നു കരുതി ഞാന്‍ മെല്ലെ റൂമില്‍ പോയി പാട്ടും കേട്ട് കിടന്നു..
.
"ഇന്ന് ഇത്രോക്ക് മതി പണിയെടുത്തത്... കുറച്ച് നേരം ഷിബൂനോട് എന്തേലുമൊക്കെ പറഞ്ഞോണ്ടിരിക്ക്... ചെല്ല്..."
.
ഉമ്മ ഇതവളോട് പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു..
മറുത്തെന്തെങ്കിലും പറയുന്നുണ്ടോ എന്ന് വെറുതേ കാതോര്‍ത്തിരുന്നു..
.
ഒന്നുമുണ്ടായിരുന്നില്ല...
കുറച്ചു നേരം കഴിഞ്ഞപ്പൊഴേക്കും
ചാരിവെച്ച വാതില്‍ പതുക്കെത്തുറന്ന് അവള്‍ അകത്തുകയറി..
അവളെക്കണ്ടതും ഞാന്‍ മെല്ലെ എണീറ്റിരുന്നു..
.
സത്യം പറഞ്ഞാല്‍ യാഥാര്‍ത്യത്തോട് പൊരുത്തപ്പെടാന്‍ എനിക്കും കഴിഞ്ഞിട്ടില്ല...
.
ഒരു പുഞ്ചിരി അവള്‍ക്കായ് സമ്മാനിച്ച്
അടുത്തു കണ്ട പുസ്തകം മെല്ലെ മറിച്ചുകൊണ്ടിരുന്നു...
.
"ഇക്കാ...."
.
യാതൃശ്ചികമായാണ് ഞാനവളുടെ വിളി കേട്ടത്‌.. അതും ഇക്കാ എന്ന്...!
.
ആശ്ചര്യത്തോടെ ഞാനവളുടെ മുഖത്തോട്ട് തന്നെ നോക്കിയിരുന്നു..
.
ഏഴു ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് അവളെന്നെ.....
.
"ഇക്ക എന്തെടുക്കാ ഇവിടെ..?"
.
"ഏയ് ഒന്നൂല്ല.. ഞാന്‍ വെറുതേ..."
.
ഇത് സ്വപ്നമാണോ എന്ന്പോലും ഞാന്‍ സംശയിച്ചു...
.
"ഇക്കാ... ഇങ്ങളെ അറിയിക്കാതെ ഞാനൊരു കാര്യം ചെയ്തു..."
.
"എന്ത് കാര്യം..??"
.
"അത്‌.. ഞാന്‍ ചെയ്തത് തെറ്റാണോ എന്നെനിക്കറിയൂല...
ഞാനിന്ന് ഇക്കാന്‍റെ ഡയറി വായിച്ചു...
വായിച്ച് കഴിഞ്ഞപ്പോ പറയണംന്നും തോന്നി..."
.
സത്യം പറയാലോ... അവളിതു പറഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷമാ തോന്നിയത്...
അവളെക്കുറിച്ചും.. അവളുടെ മൗനത്തെക്കുറിച്ചും ഞാന്‍ ഒരുപാട് എഴുതിയിരുന്നു..
അത് വായിച്ചോണ്ടാവും...
എന്നോടുള്ള സഹതാപമായിരിക്കാം...
.
മറുപടി ഒന്നും പറയാതെ ഞാനവളോട് മനസ്സ് തുറന്നോന്നു ചിരിച്ചു...
.
എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തകര്‍ത്ത് തരിപ്പണമാക്കാന്‍ ത്രാണിയുണ്ടായിരുന്നു അവളുടെ അടുത്ത ചോദ്യത്തിന്...!!
.
"ആരാ ഇക്കാ ഈ മുനീറ...??
ഒരുപാട് എഴുതീട്ടുണ്ടല്ലോ അവളെക്കുറിച്ച്..."
.
എന്‍റെ ശബ്ദമിടറി...
പഴമയുടെ ഗന്ധം പൊന്തി വരുന്ന താളുകള്‍ക്കിടയില്‍
എത്ര ദ്രവിച്ചലിഞ്ഞ് മഷി മങ്ങി ഇല്ലാതായാലും
മായാതെ നില നില്‍ക്കുന്ന അവളുടെ ചില ഓര്‍മകളുണ്ടല്ലോ ആ ഡയറിക്കുറിപ്പുകള്‍ക്കിടയില്‍ എന്ന് ഞാന്‍ ഒരു യാമം മറന്നു പോയിരുന്നു...
.
"ആരാ അവള്‍.."
.
മറുപടിക്കായ് പ്രതീക്ഷിച്ചിരുന്ന എന്‍റെ സ്വന്തം ഭാര്യയുടെ മുന്‍പില്‍ ഞാന്‍ ഒരു അപ്പൂപ്പന്‍ താടിയോളം ഭാരമില്ലാതെ തൂങ്ങിയാടുന്ന ഒരു രൂപമായ് മാറി....!!
......
.
(തുടരും..)

Comments