മിസൈൽ കറി ബനാതാ ഹേ ക്യാ

ഗൾഫിൽ ആദ്യമായി കാലു കുത്തിയ സമയം.. ദുബായിയുടെ മാപ്പിൽ പോലുമില്ലാത്ത സോനാപൂർ എന്ന മണലാരണ്യത്തിലെ നൂറുകണക്കിന് ലേബർ ക്യാമ്പുകളിലൊന്നിൽ പാകിസ്ഥാനി ബംഗാളി നൈജീയക്കാർക്കൊപ്പം ഈയുള്ളവനും വിരലിലെണ്ണാവുന്ന കുറച്ച് മലയാളികളും...

ഞാനടക്കം മിക്കവരുടേയും കന്നിഗൾഫ് പര്യടനം. ചിലർ കരയുന്നു. ചിലർ അടൂർ പടങ്ങളുടെ ഡബ്സ്മാഷ് നടത്തുന്നു.. ചിലർ തിരിച്ച് പോവാനുള്ള വഴിയന്വേഷിക്കുന്നു.. ആകെ ശോകമൂകമായ അന്തരീക്ഷം..‌ കാലം ഒന്നു രണ്ടടി അങ്ങനെ മുന്നോട്ട് വെച്ചു..

വിശപ്പിന്റെ വിളിക്ക് ഗൾഫെന്നോ കേരളമെന്നൊ ഇല്ലല്ലൊ..‌ പാചകം ചെയ്യണം.. വിശാലമായ ഹാളിൽ പത്തമ്പത് ഗ്യാസ് സ്റ്റൗ നിരത്തി വെച്ചിരിക്കുന്നു.. അതാണ് കിച്ചൺ.. ഒരു സൈഡിൽ പാകിസ്ഥാനികൾ പരിപ്പ് കറി ഉണ്ടാക്കുന്നു.. ബംഗാളികൾ ഫുൾ ഉരുളക്കിഴങ്ങ് പുഴുങ്ങുന്നു.. വിവധ ദേശക്കാരായ, വിവിധ ഭാഷക്കാരായ ഒരു പത്തമ്പത് പേർ ഒരു അടുക്കളയെന്ന വികാരത്തിൽ ഒരുമിച്ച് കൂടിയ സമത്വ സുന്ദര ലോകം..‌വസുദൈവ കുടുംബകം.. അവിടേക്ക് ഞങ്ങൾ നാലുപേർ ഒരു പിടി പരിപ്പും പാകത്തിന് മഞ്ഞൾ മുളക് മല്ലി പൊടികളുമായി കടന്നു ചെല്ലുന്നു..

എന്തൊക്കെയോ ചെയ്തു.. എങ്ങനെയൊക്കെയോ അത് സംഭവിച്ചു.. മുൻപിലെ ചട്ടിയിൽ കിടന്ന് തിളയ്ക്കുന്ന പരിപ്പ് കറി. കാണാനൊക്കെ കൊള്ളാം.. തൊട്ടപ്പുറത്ത് നിന്ന് കുക്ക് ചെയ്തിരുന്ന പാക്കിസ്ഥാനി ഒന്ന് എത്തിനോക്കി.. അതൂടെ കണ്ടപ്പൊ ഞങ്ങളൊറപ്പിച്ചു.. ഇത് തകർത്തു.. അടുപ്പിൽ നിന്ന് ഇറക്കി വെച്ച  കറി കണ്ടപ്പൊ എന്തോ ഒരു പോരായ്മ തോന്നി.  'യെസ്.. വീട്ടിലുടാക്കുമ്പോ കാണാറുള്ള ആ കറുത്ത കുത്തുകൾ കാണാനില്ല.. അതെ ..കടുക് വറവിട്ടില്ല..!!

ഓർമയിൽ ഉമ്മ ചീനച്ചട്ടിയിലൊഴിക്കുന്ന വെളിച്ചെണ്ണയും പൊട്ടിത്തെറിച്ച് സുഗന്ധം  പരത്തുന്ന കടുക്മണികളും സ്ലൈഡ്ഷോ ആവാൻ തുടങ്ങി.
ഒരു ഫ്രൈപാൻ സ്റ്റൗവിൽ കയറ്റി.. വെളിച്ചെണ്ണ ഒഴിച്ചു.. കുറേ കടുകും കുറേ കറിവേപ്പിലയും കൂടെ തിളച്ച വെളിച്ചെണ്ണയിലേക്ക് ഒറ്റ ഏറ് വെച്ച് കൊടുത്തു.കടുക് പൊട്ടുന്ന കളകളനാദം പ്രതീക്ഷിച്ചരുടെ മുൻപിൽ ചീനച്ചട്ടിയിൽ നിന്നൊരു തീഗോളം ഉയർന്നു..
പുക മാറിയപ്പൊ പാകിസ്ഥാനിയുമില്ല ബംഗാളിയുമില്ല.. കിച്ചൻ ശൂന്യം .. ഒരു കടുക് പൊട്ടിച്ചാൽ ഭയക്കുന്ന ഇവരാണോ നമ്മളോട് യുദ്ദം ചെയ്യാൻ വരുന്നത് എന്നൊക്കെ ഓർത്തിരിക്കുമ്പോ ദോ വരുന്ന് പുറത്തേക്കോടിയ പാകിസ്ഥാനി ..   ഇളിഞ്ഞ് നിൽക്കുന്ന ഞങ്ങളോടൊരു ചോദ്യം ..

"തും ലോഗ് മിസൈൽ കറീ ബനാതാ ഹേ ക്യാ?? "

താനൊക്കെ മിസൈലാണോടോ കോപ്പെ കറി വെക്കുന്നതെന്ന്...

Comments