സ്കെയിലും സ്കെച്ച് പെൻസിലുകളും ഉപയോഗിച്ച് ഭംഗിയായ് മോടി കൂട്ടിയ പുറംചട്ട... അതിനുള്ളിൽ നിഷ്കളങ്കമായ ഹൃദയങ്ങളിൽ നിന്നും വരുന്ന കലാസൃഷ്ടികളുടെ സംഗമം .. താഴ്ന്ന ക്ലാസുകളിലെ ഗ്ലാമർ ഇനങ്ങളിൽ ഒന്നായിരുന്നു "കൈയെഴുത്ത് മാസികകൾ",,, മറ്റെങ്ങുന്നും കട്ടെടുക്കാത്ത ,സ്വന്തം കൈപടയിൽ വിരിയുന്ന നിഷ്കളങ്ക സൃഷ്ടികളെ ഹൃദയം കൊണ്ട് തുന്നി ചേർക്കുന്നിടം..
മലയാള അക്ഷരങ്ങളെ വടിവോടും വൃത്തിയോടും കൂടി എഴുതുന്നതിനാൽ ,ഇതിന്റെ ഉത്തരവാദിത്തങ്ങൾ എന്നെ എൽപ്പിക്കുമായിരുന്നു...
ക്ലാസിലെ ഓരോരുത്തരും സൃഷ്ടികൾ തരുമ്പോഴും, എന്നോട് ഇതുവരെയും കൂട്ടുകൂടിയിട്ടില്ലാത്ത ആ സുന്ദരികുട്ടിയുടെ സൃഷ്ടിക്കു വേണ്ടി ഞാൻ കാത്തിരുന്നു..!
ഒരു കുഞ്ഞി പൂമ്പാറ്റയുടെയും പൂവിന്റെയും കഥ ഒടുവിൽ അവൾ എനിക്ക് നൽകി.. നുണക്കുഴിയിൽ വിടർന്ന ഒരു പുഞ്ചിരി കൂടി അതിനൊപ്പം എനിക്ക് സമ്മാനിച്ചു...
എല്ലാ രചനകളും ചേർത്ത് തുന്നികെട്ടി ജനലിന്റെ ഏറ്റവും താഴെ വെച്ച് അത് പ്രസിദ്ധീകരിച്ചു..
പിന്നീടുള്ള ഓരോ ദിവസവും അത് പോയി തുറന്നു നോക്കും ..ആരും കാണാതെ അവളുടെ അക്ഷരങ്ങൾക്ക് മീതെ വിരലോടിക്കും... ഓരോ സ്പർശനത്തിലും അവളുടെ സാമീപ്യം ഉള്ളതുപോലെ തോന്നിച്ചു...
നേരിൽ കാണുമ്പോൾ ഉള്ള ഒരു മന്ദസ്മിതം അല്ലാതെ അവളോട് സംസാരിക്കാൻ കഴിഞ്ഞില്ല...ഒന്നും..!
ഒടുവിൽ ഏഴാം ക്ലാസിൽ എന്നിൽ നൊമ്പരം സമ്മാനിച്ച് അവൾ വേറെ സ്കൂളിലേയ്ക്ക് പോയി..ഒന്നും പറയാതെ...!!
ആരും കാണാതെ അവളുടെ കഥ മാത്രം അതിൽ നിന്നും ഞാൻ ഇളക്കി എടുത്തു ..
അവളുടെ ഓർമകൾക്ക് കരുത്തു പകരാൻ ആ വരികൾക്കിടയിലൂടെ ഒന്ന് പോയാൽ മതി...ഒരു സ്പർശനമായി ഇന്നും കൂടെ ഉണ്ട് ആ പൂമ്പാറ്റ..
(<3~jayamohan)
Comments